International
പാരീസ്: ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ.
തനിക്ക് അതിനു താത്പര്യമില്ലായിരുന്നുവെന്നും എന്നാൽ മെലോണിയോടു സഹതാപം തോന്നിയിട്ടാണ് ഫോട്ടോയ്ക്ക് സമ്മതിച്ചതെന്നും ട്രംപ് പരിഹസിച്ചു.
ഇറ്റാലിയൻ ചാനലായ എൽഎ7നു നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്.
‘അവൾ എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ കെഞ്ചി. അവൾക്ക് എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ അത്രയധികം ആഗ്രഹമുണ്ടായിരുന്നു. ഞാൻ അത് എടുക്കുമായിരുന്നില്ല, പക്ഷേ എനിക്ക് അവളോട് സഹതാപം തോന്നി’- ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ വാദം മെലോണി തള്ളി.
‘ഡോണൾഡ് ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണ്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തന്റെ സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. മാത്രമല്ല, ഇത് ആദ്യത്തെ തവണയുമല്ല’ - മെലോണി പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങളുടെയും യുഎസിന്റെയും ശത്രുക്കളോട് അദ്ദേഹം ഇതേ നിലപാട് കാണിക്കാത്തത് നിരാശാജനകമാണെന്നും മെലോണി പറഞ്ഞു.
അവിടത്തെ നേതാക്കളോട് അദ്ദേഹം കൂടുതൽ മയപ്പെടുത്തിയാണ് പെരുമാറുന്നത്. ട്രംപ് ഒരു കാര്യം ഓർക്കണമെന്നും താനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ലെന്ന് ട്രംപ് ഓർക്കണമെന്നും മെലോണി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നു യുഎസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ട് ദിവസത്തെ ഉന്നതതല ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.
ബെയ്ജിംഗിലെ വിമാനത്താവളത്തിൽനിന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനത്തിന്റെ പടവുകൾക്ക് സമീപം വച്ചിരുന്ന ചവറ്റുകുട്ടയിലേക്കാണ് ഈ സാധനങ്ങളെല്ലാം നിക്ഷേപിച്ചതെന്ന് ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ബാഡ്ജുകൾ, പിന്നുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, മറ്റ് സ്മരണികകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിനിധി സംഘത്തിന് നൽകിയിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ ലേഖിക എക്സിൽ കുറിച്ചു.
ഈ സുരക്ഷാ മുൻകരുതലുകൾ യാത്രയ്ക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിലേക്ക് തിരിക്കും മുൻപ് തന്നെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ തങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം അമേരിക്കയിൽ തന്നെ വച്ചിട്ടാണ് പുറപ്പെട്ടത്. യാത്രയിലുടനീളം ആശയവിനിമയത്തിനായി താൽക്കാലികമായി ഉപയോഗിക്കാവുന്ന ഫോണുകൾ മാത്രമാണ് സംഘം ഉപയോഗിച്ചിരുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുഎസിന്റെ ശത്രുത ഏപ്രിൽ ഏട്ടിന് നിലവിൽ വന്ന വെടിനിർത്തലിലൂടെ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അതിനാൽ, ഇറാൻ യുദ്ധം തുടരുന്നതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും ട്രംപ് യുഎസ് കോൺഗ്രസിനെ അറിയിച്ചു.
വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്കയച്ച കത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുഎസിലെ വാർ പവേഴ്സ് ആക്ട് പ്രകാരം ഒരു രാജ്യത്തിനെതിരേയുള്ള സൈനികനടപടി ആരംഭിക്കുന്നതിനെക്കുറിച്ച് നിയമനിർമാതാക്കൾക്ക് അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനകം യുഎസ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കണം. അല്ലാത്തപക്ഷം എല്ലാ യുദ്ധനടപടികളും അവസാനിപ്പിക്കണം.
എന്നാൽ, ഫെബ്രുവരി 28-നാരംഭിച്ച യുദ്ധം വെടിനിർത്തലിലൂടെ അവസാനിച്ചെന്നും ഏപ്രിൽ ഏഴിനുശേഷം ഇറാനിൽ നേരിട്ടുള്ള സൈനികനടപടികളൊന്നും നടക്കാത്തതിനാൽ കോൺഗ്രസിന്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം.
Leader Page
ട്രംപിനു നേരേ ഒരുവർഷത്തിനിടയിലെ മൂന്നാമത്തെ വധശ്രമംകൂടി നടന്നുകഴിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ ഇത്രയൊക്കെയേയുള്ളോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
അമേരിക്കൻ സീക്രട്ട് സർവീസ് അല്ലെങ്കിൽ തത്തുല്യമായ മറ്റ് ഏജൻസികൾ ലോകനേതാക്കൾക്ക് ഒരുക്കുന്ന സുരക്ഷയൊരുക്കുന്നത് പ്രധാനമായും പ്രതിരോധം, ഒഴിപ്പിക്കൽ, നിർവീര്യമാക്കൽ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ്.
ട്രംപിനു നേരേയുണ്ടായ ആക്രമണം പരിശോധിക്കുമ്പോൾ ഒഴിപ്പിക്കൽ, നിർവീര്യമാക്കൽ എന്നിവ ഒരുവിധം ഭംഗിയായി നിർവഹിക്കപ്പെട്ടിരുന്നുവെന്നു കാണാം. അതുകൊണ്ടാണ് അക്രമം നടക്കുമ്പോൾത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ വലയം ചെയ്യുന്നതും അവിടെനിന്ന് ഉടനടി മാറ്റുന്നതും അതിനുശേഷം അക്രമിയെ നേരിടുന്നതുമെല്ലാം.
കഴിഞ്ഞദിവസം നടന്ന വധശ്രമവുമായി ബന്ധപ്പെടുത്തി പ്രതിരോധ സംവിധാനങ്ങളെ വിലയിരുത്തുകയാണെങ്കിൽ വലിയ പാളിച്ചയാണ് ഉണ്ടായതെന്നു കാണാനാകും. അക്രമി നേരത്തേ ഒരു കേസിലും പ്രതിയായിരുന്നില്ലായിരിക്കാം. അയാൾ പ്രോഗ്രാം നടക്കുന്ന ഹോട്ടലിൽ മുറിയെടുത്തു താമസിക്കുന്നതിൽ ആരും അപാകതയും കണ്ടില്ലെന്നുംവരാം. എങ്കിലും അക്രമിയുടെ പക്കൽനിന്ന് ഒരു വലിയ തോക്ക്, ഒരു ചെറിയ തോക്ക്, പിന്നെ കുറച്ചു കത്തികൾ എന്നിവ പിടിച്ചെടുത്തെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അമേരിക്കൻ പ്രസിഡന്റിനെപ്പോലെയൊരു വിവിഐപി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനു സമീപത്തുള്ള ഹോട്ടലിൽ മെറ്റൽ ഡിറ്റക്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താതിരുന്നത് പ്രതിരോധത്തിൽ സംഭവിച്ച വലിയ പിഴവുതന്നെയാണ്.
ഇത്തരം പ്രോഗ്രാം നടക്കുന്ന സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ജനങ്ങളും സാധാരണഗതിയിൽ കർശനമായ പരിശോധനയ്ക്കു വിധേയമാക്കും. ഇന്ത്യയിലാണെങ്കിൽ അഞ്ചു കിലോമീറ്റർ ചുറ്റളവുവരെ അതുണ്ടാവും. കാരണം, അക്രമി തോക്കുതന്നെ ഉപയോഗിക്കണമെന്നില്ലല്ലോ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി വന്ന് വിസ്ഫോടനം നടത്തുന്ന ചാവേറുമാകാം.
സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അക്രമി പ്രസിഡന്റിന് ഏകദേശം അടുത്തെത്തിയിട്ടുണ്ടെങ്കിൽ വാഹനപരിശോധന കൃത്യമായി നടന്നിട്ടില്ല എന്ന് അനുമാനിക്കാവുന്നതാണ്. ഇവിടെയാകട്ടെ പ്രോഗ്രാം സ്ഥലത്തുനിന്ന് 45 മീറ്റർ അകലെ മാത്രമാണ് പാറ്റ് ഡൗൺ സെർച്ച് (ശാരീരിക പരിശോധന), ഡിഎഫ്എംഡി (മെറ്റൽ ഡിറ്റക്ടർ പരിശോധന) എന്നിവ നടക്കുന്നത് എന്നുകൂടി കാണുക.പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ നടക്കുന്ന ദേഹപരിശോധന എടുത്തുപറയേണ്ട ഒന്നാണ്. അതിവിടെ നല്ല രീതിയിൽ നടന്നുവെന്നുതന്നെ കരുതുക.
അതുകൊണ്ടാവാം, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഹാളിനടുത്തേക്ക് ഓടിവരുന്ന അയാളെ തടയുന്നതായി നമ്മൾ കാണുന്നത്.
പക്ഷേസുരക്ഷാ അപാകതയെന്നു പറയുന്നത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും മറ്റും നടക്കുന്ന, പ്രസിഡന്റ് ഇരിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്തുവരെ അയാൾ ആയുധങ്ങളുമായി എത്തിച്ചേർന്നു എന്നതാണ്. മാത്രമല്ല, അകത്തു കടന്ന അയാൾ പ്രസിഡന്റിനു നേരേ നിറയൊഴിക്കുകയും ചെയ്യുന്നു. തോക്കിനു പകരം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അയാൾ സ്വയം പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഇന്ന് അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിൽ തറഞ്ഞ വെടിയുണ്ട നീക്കംചെയ്ത വിവരം നമ്മൾ അറിഞ്ഞതുമാണ്. ഒന്നിൽ കൂടുതൽ അക്രമികൾ ഉണ്ടോ എന്ന ഭയവും ആശയക്കുഴപ്പവുമൊക്കെ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നുവെന്ന വിവരവും നമ്മൾ മനസിലാക്കുന്നു.
ഇതൊക്കെ കാണുമ്പോൾ അമേരിക്കൻ സെക്യൂരിറ്റി ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ ഭാവി ഇനി എന്താവും എന്നു ചിന്തിച്ചുപോകുന്നു. മൂന്നു തവണയും വധശ്രമത്തിൽനിന്ന് പ്രസിഡന്റിനെ രക്ഷപ്പെടുത്തി എന്നത് ശരിതന്നെ. പക്ഷേ, അടിക്കടി ഉണ്ടാകുന്ന സുരക്ഷാവീഴ്ചയിൽനിന്ന് അദ്ദേഹത്തിന് എങ്ങനെ ഒഴിഞ്ഞുമാറാനാവും?
ഏകദേശം 50 മീറ്റർ ചുറ്റളവിൽ മാത്രമാണ് സീക്രട്ട് സർവീസ് പ്രസിഡന്റിനു പ്രോക്സിമേറ്റ് സുരക്ഷയൊരുക്കുന്നത്. 50 മീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വ്യാപ്തി വരെയുള്ള (ഏകദേശം) സുരക്ഷയൊരുക്കേണ്ടത് എഫ്ബിഐ, ഡിസ്ട്രിക്ട് പോലീസ്, മറ്റ് പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലയാണ്. വധശ്രമം മുൻകൂട്ടി മനസിലാക്കുന്നതിലും ശത്രു അടുത്തുവരെ എത്തുന്നത് തടയുന്നതിലും എഫ്ബിഐ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും പരാജയപ്പെടുന്നുവെന്നത് യാഥാർഥ്യമായതിനാൽ പട്ടേലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
എല്ലാറ്റിനും ഉപരിയായി നമ്മൾ ചിന്തിക്കേണ്ടത് എന്തുകൊണ്ടാണ് മൂന്നാംതവണവയും അമേരിക്കക്കാർ തങ്ങളുടെ സ്വന്തം പ്രസിഡന്റിനെ കൊല്ലാൻ ശ്രമിക്കുന്നത് എന്നാണ്. അക്കാര്യം ഒരു അന്വേഷണപരിധിയിലും വരുന്നില്ല എന്നു തോന്നുന്നു.
നികുതിയും തൊഴിലില്ലായ്മയും പലിശനിരക്കും ഇന്ധനവിലയുമെല്ലാം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ ജനതയുടെ ജീവിത സാഹചര്യം മുൻകാലങ്ങളെ അപേക്ഷിച്ച് ദുഃസഹമായിരിക്കുന്നു എന്നുവേണം കരുതാൻ. അതാണോ ഇത്തരം ആക്രമണത്തിനു പിന്നിലെന്ന് നമുക്കറിയില്ലെങ്കിലും ഒരു വെറുപ്പ് സ്വന്തം ജനതയ്ക്ക് ട്രംപിനോടുണ്ടെന്നും അത് ആഴത്തിൽ വേരുറപ്പിക്കപ്പെട്ടു പോയെന്നും വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
International
വാഷിംഗ്ടൺ: അന്ത്യശാസനവും സമയപരിധിയും നൽകുന്നതു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഹരമാക്കി മാറ്റിയിരിക്കുകയാണോയെന്ന് സംശയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ചയ്ക്കു ശേഷം ഇറാനുമേൽ നരകം പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്ന അന്ത്യശാസനം.
എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുപോലെ നിരവധി സമയപരിധികളും അന്ത്യശാസനവും ട്രംപ് പുറപ്പെടുവിക്കുകയും പിന്നീട് തിരുത്തുകയുംചെയ്തിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോർമുസിനെച്ചൊല്ലിയുള്ള അന്ത്യശാസനം അങ്ങനെയാകുമോയെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകം.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപ് ഇറാനു പല "സമയപരിധികൾ" (deadlines) വയ്ക്കുകകയും എന്തെങ്കിലും ന്യായം പറഞ്ഞ് അവ മാറ്റുകയും ചെയ്തിട്ടുണ്ട്. അവ ഇങ്ങനെ:
സമയപരിധി 1: മാർച്ച് 21ന് ട്രംപിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, 48 മണിക്കൂറിനുള്ളിൽ ഇറാൻ ജലപാത തുറന്നില്ലെങ്കിൽ വലിയ നിലയങ്ങൾ മുതൽ അവരുടെ പവർ പ്ലാന്റുകൾ "ആക്രമിച്ചു തകർക്കും'.
സമയപരിധി 2: രണ്ടു ദിവസത്തിനു ശേഷം, ഇരുരാജ്യങ്ങളും തമ്മിൽ "വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ" നടന്നുവെന്നും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അഞ്ചു ദിവസത്തേക്കു മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
സമയപരിധി 3: മാർച്ച് 27ന്, ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഊർജനിലയങ്ങൾ ആക്രമിക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടിവയ്ക്കുന്നതായി ട്രംപ് അറിയിച്ചു. ഇതോടെ സമയപരിധി ഏപ്രിൽ ആറിലേക്കു മാറി. എന്നാൽ, ഇങ്ങനെയൊരു അഭ്യർഥന തങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
48 മണിക്കൂർ മുന്നറിയിപ്പ്: ഏപ്രിൽ 6 എന്ന സമയപരിധി അടുത്തെത്തിയതോടെ, കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകി. "എല്ലാ നരകതുല്യമായ ആക്രമണങ്ങളും' അഴിച്ചുവിടുന്നതിന് മുൻപ് ഇറാനു മുന്നിൽ ഇനി "48 മണിക്കൂർ' മാത്രമേ ഉള്ളൂ എന്നായിരുന്നു ഭീഷണി.
ഏറ്റവും പുതിയ ഭീഷണി: ഞായറാഴ്ച പങ്കുവച്ച, അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പോസ്റ്റിൽ ട്രംപ് ഈ ഭീഷണി ആവർത്തിച്ചു. "ചൊവ്വാഴ്ച പവർ പ്ലാന്റ് ദിനവും പാലം ദിനവും ആയിരിക്കും' എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് മറ്റൊരു പോസ്റ്റിൽ "ചൊവ്വാഴ്ച രാത്രി, ഈസ്റ്റേൺ ടൈം 8:00 ന്!" എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഇത്തവണ ട്രംപിന്റെ ഭീഷണിയെ ഇറാനും വെറുതെ തള്ളുന്നില്ല. പവർ പ്ലാന്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ അവർ ആരംഭിച്ചതായി സൂചനയുണ്ട്. വൈദ്യുതിനിലയങ്ങൾക്കു ചുറ്റും മനുഷ്യചങ്ങല തീർക്കാൻ ഭരണകൂടം ആഹ്വാനംചെയ്തിട്ടുണ്ട്.
International
കുവൈറ്റ്: ഇറാനെ നിലംപരിശാക്കിയെന്നും അവരുടെ സൈനികശേഷി ഏതാണ്ട് പൂർണമായി തകർത്തെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദത്തിന്റെ മുനയൊടിച്ചാണ് ഇറാന്റെ ആക്രമണമെന്നു റിപ്പോർട്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സമ്പൂർണമായി തകർത്തെന്നു പലവട്ടം ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധവിമാനങ്ങൾ ഇറാന്റെ ആകാശത്ത് യഥേഷ്ടം പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കിടയിലാണ് ഇപ്പോൾ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിയേറ്റു വീണിരിക്കുന്നത്.
രണ്ടു വിമാനങ്ങളിലായുണ്ടായിരുന്ന മൂന്നു പൈലറ്റുമാരിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. എന്നാൽ, ഇറാന്റെ മണ്ണിലിറങ്ങിയെന്നു കരുതുന്ന മൂന്നാമനായി അമേരിക്കൻ ഹെലികോപ്ടറുകളും ഇറാന്റെ സൈന്യവും തെരച്ചിൽ നടത്തിവരികയാണ്. തെരച്ചിലിനിറങ്ങിയ അമേരിക്കൻ ഹെലികോപ്ടറുകൾക്കു നേരേയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
ഇതിനെത്തുടർന്നു ഹെലികോപ്ടറുടെ ഇറാന്റെ വ്യോമാതിർത്തിക്കു പുറത്തേക്കു പറന്നതായും പറയുന്നു. പൈലറ്റിനെ കിട്ടിയാൽ പോലീസിനു കൈമാറണമെന്ന് എൻആർജിസി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ജീവനോടെ കൈമാറുന്നവർക്കു വൻ പ്രതിഫലവും പ്രഖ്യാപിച്ചു. ഒാരോ ദിവസവും യുദ്ധം സംബന്ധിച്ച് നിരവധി അവകാശവാദങ്ങൾ ഉയർത്തുന്ന ട്രംപിനു കടുത്ത തിരിച്ചടിയാണ് യുദ്ധവിമാനങ്ങളുടെ വീഴ്ച.
ഒരു മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന അമേരിക്ക- ഇറാൻ യുദ്ധത്തിൽ അമേരിക്കൻ വ്യോമസേനയ്ക്ക് ഏറ്റവും കടുത്ത ക്ഷതമേറ്റത് കഴിഞ്ഞ ദിവസങ്ങളിലാണ്. അവരുടെ പ്രധാനപ്പെട്ട രണ്ടു ജെറ്റുകളാണ് ഇറാൻ ആക്രമണത്തിൽ തകർന്നതായി പറയുന്നത്. അതേസമയം, ഇറാന്റെ ആക്രമണത്തിൽ തകർന്നു എന്ന അവകാശവാദത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
അമേരിക്കൻ വ്യോമസേനയുടെ നഷ്ടങ്ങൾ:
1. F-15E സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle): മധ്യ ഇറാനിൽ വച്ച് അമേരിക്കൻ വ്യോമസേനയുടെ ഒരു F-15E വിമാനം ഇറാൻ കഴിഞ്ഞ ദിവസം വെടിവച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ അമേരിക്കൻ സേന രക്ഷപ്പെടുത്തി. രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുന്നു.
2. A-10 തണ്ടർബോൾട്ട് II (A-10 Thunderbolt II): ഹോർമുസ് കടലിടുക്കിനു സമീപം ഇറേനിയൻ ആക്രമണത്തിൽ ഈ വിമാനത്തിനു ഗുരുതര തകരാർ സംഭവിച്ചു. പൈലറ്റ് വിമാനം കുവൈറ്റ് ആകാശത്തേക്കു തിരിച്ചുവിട്ട് സുരക്ഷിതമായി പുറത്തേക്കു ചാടി (Ejected).
മറ്റ് വിമാന നഷ്ടങ്ങൾ
യുദ്ധം തുടങ്ങിയതു മുതൽ നേരിട്ടുള്ള പോരാട്ടത്തിലല്ലാതെയും അമേരിക്കയ്ക്ക് ഉണ്ടായ മറ്റു നഷ്ടങ്ങൾ താഴെ പറയുന്നു:
1. F-15E സ്ട്രൈക്ക് ഈഗിൾ- 3 എണ്ണം
മാർച്ച് ആദ്യം കുവൈറ്റ് വ്യോമപ്രതിരോധ സേനയുടെ പിഴവ് മൂലം വെടിവച്ചിട്ടു (Friendly Fire).
2. MQ-9 റീപ്പർ ഡ്രോണുകൾ- 15ൽ ലേറെ
ഫെബ്രുവരി 28 മുതൽ ഇതുവരെ പതിനഞ്ചിലധികം ഡ്രോണുകൾ തകരുകയോ വെടിവച്ചിടുകയോ ചെയ്തിട്ടുണ്ട്.
3. E-3 സെൻട്രി (AWACS)
മാർച്ച് 27ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിലത്തു പാർക്ക് ചെയ്തിരുന്ന വിമാനം തകർന്നു.
International
വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്നതിനിടെ മേഖലയിലേക്കു പതിനായിരം കരസേനാംഗങ്ങളെകൂടി അയ്ക്കാനൊരുങ്ങി അമേരിക്ക. നിലവിലെ സ്ഥിതിഗതികള്‍ പെന്റഗണ്‍ വിലയിരുത്തുകയാണെന്നും കരസേനയെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനു നല്‍കിയിരുന്ന സമയപരിധി ഏപ്രില്‍ ആറു വരെ നീട്ടിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഒരു മാസമായി തുടരുന്ന യുദ്ധം ആഗോള ഊര്‍ജവിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇറാന് ചര്‍ച്ചയ്ക്കു സമയം നീട്ടി ചോദിച്ചതെന്നു ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. തങ്ങള്‍ക്കു കുറച്ചുകൂടി സമയം വേണമെന്ന് ഇറാന് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജസ്രോതസുകള്‍ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനാണ് നീക്കമെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പകരമായി മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും ഭീഷണിമുഴക്കിയിരുന്നു.
ഇതിനിടെ, നയതന്ത്ര നീക്കങ്ങള്‍ തുടരുന്നതിനിടെ ട്രംപ് തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്തിയതായാണ് സൂചന. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക സൈനികമായി വിജയിച്ചുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ നാവിക-മിസൈല്‍ ശേഷിയെ തകര്‍ത്തെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ മേഖലയിലെ സമാധാനശ്രമങ്ങളില്‍ നിര്‍ണായകമാകും.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയെ സുവർണയുഗത്തിലേക്കു നയിച്ചെന്ന് പ്രസിഡന്റ് ട്രംപ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ വാർഷിക സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്ക എക്കാലത്തേക്കാളും സന്പന്നവും ശക്തവുമായെന്ന് ട്രംപ് അവകാശപ്പെട്ടു. പണപ്പെരുപ്പം കുറച്ചു, ഓഹരിവിപണിക്കു നേട്ടമുണ്ടാക്കി, നികുതികൾ വെട്ടിക്കുറച്ചു, മരുന്നുവില കുറച്ചു തുടങ്ങിയവ ഭരണനേട്ടങ്ങളാണ്.
തൊഴിലവസരങ്ങൾ ഇല്ലാതാക്കാൻ സാധ്യതയുള്ള നിർമിതബുദ്ധിയെക്കുറിച്ച് ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചില്ല. ഒരുവർഷ ഭരണത്തിന്റെ ഭൂരിഭാഗം സമയവും വിദേശനയത്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും വിവിധ രാജ്യങ്ങൾക്കു ചുമത്തിയ ഇറക്കുമതിച്ചുങ്കം അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പരിമി തമായേ സംസാരിച്ചുള്ളൂ.
റഷ്യൻ അധിനിവേശത്തിന്റെ നാലാം വർഷികദിനത്തിൽ നടത്തിയ പ്രസംഗത്തിൽ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും പരാമർശമുണ്ടായില്ല. അമേരിക്കയുടെ മുഖ്യ എതിരാളിയായ ചൈന, ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള മോഹം എന്നീ വിഷയങ്ങളും ട്രംപ് എടുത്തുപറഞ്ഞില്ല.
എഴുപത്തൊന്പതുകാരനായ ട്രംപിന്റെ പ്രസംഗം ഒരു മണിക്കൂറും 47 മിനിറ്റും നീണ്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗമായിരുന്നിത്. കഴിഞ്ഞ വർഷത്തെ സ്വന്തം റിക്കാർഡാണു ട്രംപ് തകർത്തത്. പ്രസംഗത്തിന്റെ ഭൂരിഭാഗവും സ്വന്തം ഭരണനേട്ടങ്ങൾ വിശദീകരിക്കലായിരുന്നു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന വാദം അദ്ദേഹം ആവർത്തിച്ചു. രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ അനധികൃത കുടിയേറ്റക്കാരാണെന്നും പറഞ്ഞു.
പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിലെ നല്ലൊരു വിഭാഗം അംഗങ്ങളും സഭയിലുണ്ടായിരുന്നില്ല. ഹാജരായിരുന്ന പ്രതിപക്ഷാംഗങ്ങളിൽ ചിലർ പ്രസംഗസമയത്ത് പ്രതിഷേധപ്രകടനങ്ങൾക്കു മുതിർന്നു.
അതേസമയം, ട്രംപിന്റെ ഭരണത്തിൽ അമേരിക്കൻ ജനതയ്ക്കു തൃപ്തിയില്ലെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സർവേകൾ പറയുന്നത്. നവംബറിലെ മിഡ് ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടാനും സാധ്യതയുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ആണവകരാറിൽ ഒപ്പുവയ്ക്കുന്നതിനായി ഇറാനെ സമ്മർദത്തിലാക്കാൻ പരിമിതമായ ആക്രമണം നടത്താൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തിനുള്ളിൽ കരാറിലെത്തിയില്ലങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് കടുത്ത നിലപാടിലായിരുന്നില്ല. ആണവ വിഷയത്തിൽ യുഎസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് യുഎസ്-ഇറാൻ പ്രതിനിധികൾ പറയുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ സ്വിറ്റ്സർലൻഡിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു.
കരാറിന്റെ കരട്’ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ അത് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ തീരത്ത് അമേരിക്ക സൈന്യം സാന്നിധ്യം വർധിപ്പിക്കുന്നതു തുടരുന്നതിനിടെയാണ് ജനീവയിൽ ചർച്ചകൾ നടക്കുന്നത്. ഇറാനും സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. പരമോന്നത നേതാവ് ഖമനയി ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയാണ് അടുത്തിടെ നൽകിയത്.
Business
ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നടപടികളാണ് ഇന്ത്യ- ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽനിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദനമേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ വരുന്ന സ്വതന്ത്ര വ്യാപാര കരാർ വൻകിട വ്യവസായങ്ങൾക്ക് കരുത്തേകും. എന്നാൽ കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇന്ത്യക്കു ഭീഷണിയുണ്ട്. കേരളത്തിലെ കർഷകർക്ക് പ്രത്യേകിച്ചു ക്ഷീര കർഷകർക്ക് കരാർ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ പാൽ, ചോക്ലേറ്റ് ഉത്പന്നങ്ങളും അനിയന്ത്രിതമായി ഇന്ത്യൻ വിപണികളിലേക്ക് ഒഴുകിയാൽ ഇന്ത്യയിലെ കൊക്കോ, ക്ഷീര കർഷകർക്ക് ആരു സംരക്ഷണം നൽകുമെന്നതിൽ വ്യക്തതയില്ല. ലോകത്തിലെതന്നെ ഏറ്റവും മികച്ച പാൽ, ചോക്ലേറ്റ്, ബിസ്കറ്റ് നിർമാതാക്കൾ യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുന്നത് ഇന്ത്യക്കു നേട്ടമാകും. അമേരിക്കൻ തീരുവ ബാധിച്ച തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് 27 വികസിത രാജ്യങ്ങളിൽ ബദൽ വിപണി തുറക്കും. നിലവിൽ ബംഗ്ലാദേശി തുണിത്തരങ്ങൾക്ക് പൂജ്യം തീരുവയുള്ളപ്പോൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് ഇയുവിൽ പത്തു ശതമാനം തീരുവയുണ്ട്. കരാർ നടപ്പായാൽ ഇന്ത്യക്കും തീരുവയില്ലാതാകും.
ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ പ്രഫഷണലുകളുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും. അമേരിക്കയെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. സോളാർ അടക്കം പുനരുപയോഗ ഊർജഘടകങ്ങൾ പോലുള്ള ഇന്ത്യൻ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, പാനീയങ്ങൾ, കെമിക്കൽസ് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. വിമാനഭാഗങ്ങൾ, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പുതിയ വിപണി കണ്ടെത്താനാകും.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ തീരുവ ഇല്ലാതാകുകയോ തീർത്തും കുറയുകയോ ചെയ്യുന്നതോടെ വിദേശമദ്യവും വൈനുകളും മുതൽ ആഡംബര കാറുകൾ വരെയുള്ളവയിൽ യൂറോപ്യൻ യൂണിയന് കാര്യമായ നേട്ടമുണ്ടാകും.
International
റോം: ട്രംപ് രൂപവത്കരിച്ച ഗാസ സമാധാന ബോർഡിൽ അംഗമാകാനുള്ള ക്ഷണം ഇറ്റലിയും നിരസിച്ചതായി റിപ്പോർട്ട്.
ഒരു രാജ്യം മാത്രം നേതൃത്വം നല്കുന്ന ഇത്തരം സംഘടനയിൽ ചേരുന്നത് ഭരണഘടനാ ലംഘനമാകുമെന്ന് ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ ആശങ്കപ്പെടുന്നുവെന്നാണ് അവിടത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ജോർജിയ മെലോണിക്കു ട്രംപുമായി അടുത്ത ബന്ധമാണുള്ളത്.
ട്രംപ് ചെയർമാനായ സമാധാന ബോർഡ് ഗാസയ്ക്കു പുറമേ മറ്റ് അന്താരാഷ്ട്ര സംഘർഷങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നതായിട്ടാണു റിപ്പോർട്ട്. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന ഭീതി ശക്തമായിട്ടുണ്ട്. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ തുടങ്ങി 60 രാജ്യങ്ങളെ ബോർഡ് അംഗത്വത്തിനായി ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ബോർഡിൽ സ്ഥിരാംഗത്വത്തിന് 100 കോടി ഡോളർ നല്കണമത്രേ. നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ക്ഷണം നിരസിച്ചിരുന്നു.
നെതന്യാഹുവിനു സമ്മതം
ട്രംപിന്റെ സമാധാന ബോർഡിൽ അംഗമാകാൻ സമ്മതിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. നേരത്തേ നെതന്യാഹുവിന്റെ ഓഫീസ് ബോർഡിലെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരണത്തെ വിമർശിച്ചിരുന്നു.
യുഎഇ, മൊറോക്കോ, വിയറ്റ്നാം, ബെലാറൂസ്, ഹംഗറി, കസാക്കിസ്ഥാൻ, അർജന്റീന എന്നിവയാണ് ബോർഡിൽ അംഗമാകാൻ ശ്രമിച്ച മറ്റു രാജ്യങ്ങൾ.
International
ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാൽ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി. "സഹായം ഉടൻ എത്തും' എന്നു പ്രക്ഷോഭകാരികൾക്ക് ഉറപ്പുനൽകിയ അദ്ദേഹം, ഇറാനുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കിയതായും പ്രഖ്യാപിച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ന് ആദ്യ വധശിക്ഷ?
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുൽത്താനി (26) എന്ന യുവാവിനെ ഇന്നു തൂക്കിലേറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിചാരണ പോലുമില്ലാതെയാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. "ദൈവത്തിനെതിരേ യുദ്ധം ചെയ്തു' എന്ന കുറ്റം ചുമത്തിയാണു പ്രക്ഷോഭകാരികൾക്കെതിരേ ഇറാൻ വധശിക്ഷ വിധിക്കുന്നത്.
രക്തരൂഷിതമായ അടിച്ചമർത്തൽ
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,500ലേറെ പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളുടെ മരണത്തിനു പിന്നിൽ ഭീകരവാദികൾ ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദനത്തെ മറികടക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സൗജന്യമായി സ്റ്റാർലിങ്ക് സേവനം വാഗ്ദാനം ചെയ്തു. പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്ലവിയുമായി വൈറ്റ് ഹൗസ് പ്രതിനിധി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇറാന്റേത് അവസാന നാളുകളാണെന്നു ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അഭിപ്രായപ്പെട്ടു.
കലാപം ദൈവത്തിനെതിരേയെന്ന് ഖമനയ്
ആളുകൾ ദൈവത്തിനെതിരേയാണ് കലാപം നടത്തുന്നതെന്നും പ്രക്ഷോഭങ്ങൾ വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ആരോപിച്ചു. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമാണ് ഇറാൻ ജനതയുടെ യഥാർഥ കൊലയാളികളെന്ന് സുരക്ഷാ കൗൺസിൽ തലവൻ ലാരിജാനി കുറ്റപ്പെടുത്തി. അതേസമയം, സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ ആദരവ് പ്രകടിപ്പിച്ച് ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്രക്ഷോഭം മാറിയിരിക്കുകയാണ്.
International
വാഷിംഗ്ടൺ: റഷ്യയുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെടുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു കനത്ത തിരിച്ചടിയായേക്കാവുന്ന ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്നതാണ് ഈ ഉഭയകക്ഷി ബിൽ.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രഹാം-ബ്ലൂമെൻതൽ ഉപരോധ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതലും സംയുക്തമായാണ് ബില്ലിനു രൂപം നൽകിയത്.
റഷ്യയിൽനിന്നു വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ഈ നിയമം നേരിട്ടു ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 500 ശതമാനം വരെ നികുതി നൽകേണ്ടി വരും. വൈറ്റ് ഹൗസിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് ബില്ലിനു പൂർണ പിന്തുണ അറിയിച്ചതായി ലിൻഡ്സെ ഗ്രഹാം വ്യക്തമാക്കി.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം സമാധാന ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഈ കടുത്തനീക്കം. റഷ്യയുടെ എണ്ണ, ഗ്യാസ്, യുറേനിയം കയറ്റുമതി തടയുന്നതിലൂടെ സാമ്പത്തികമായി തളർത്താനാണ് യുഎസ് നീക്കം. യുക്രെയ്ൻ സമാധാനത്തിനായി വിട്ടുവീഴ്ചകൾക്കു തയാറാകുമ്പോഴും പുടിൻ നിരപരാധികളെ കൊന്നൊടുക്കുകയാണെന്നു സെനറ്റർ ഗ്രഹാം കുറ്റപ്പെടുത്തി.
റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ, ട്രംപിന്റെ പ്രത്യേക ദൂതന്മാർ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകുന്നുണ്ട്. ഈ ചർച്ചകളിൽ റഷ്യയെ സമ്മർദത്തിലാക്കാനുള്ള ആയുധമായും നിയമത്തെ അമേരിക്ക കാണുന്നു.
International
മോസ്കോ: വെനസ്വലേയുടെ എണ്ണവില്പന തടഞ്ഞ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി റഷ്യ. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം വലിയ അബദ്ധം കാണിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.
വെനസ്വേല റഷ്യയുടെ സൗഹൃദരാജ്യമാണ്. കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്ക് അമേരിക്ക കടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക സമീപനം പുലർത്തുന്ന ട്രംപ് ഭരണകൂടം വലിയ അബദ്ധത്തിനു മുതിരില്ലെന്നു കരുതുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന ടാങ്കർ കപ്പലുകളെല്ലാം തടയാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണു റഷ്യയുടെ പ്രതികരണം. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഒരു ടാങ്കർ കഴിഞ്ഞയാഴ്ച അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ മുഖ്യ വരുമാനമാർഗമായ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയുന്നില്ല. കോടിക്കണക്കിനു ബാരൽ എണ്ണ കയറ്റിയ ടാങ്കറുകൾ അമേരിക്കൻ നടപടി ഭയന്ന് വെനസ്വേലയിൽനിന്നു പുറപ്പെടാൻ കൂട്ടാക്കുന്നില്ല.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടനാക്കാനാണു ട്രംപിന്റെ നീക്കമെന്നു പറയുന്നു. വെനസ്വേലൻ എണ്ണ വാങ്ങുന്ന ചൈനയും അമേരിക്കൻ ഭീഷണിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ബുധനാഴ്ച വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൽ ഗില്ലുമായി ഫോണിൽ സംസാരിച്ചു. ഏകപക്ഷീയ ഭീഷണികളെ ചൈന എതിർക്കുന്നതായും പരമാധികാരം സംരക്ഷിക്കാൻ രാജ്യങ്ങൾക്കുള്ള അവകാശത്തെ മാനിക്കുന്നതായും വാംഗ് യി വെനസ്വലേൻ മന്ത്രിയോടു പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
NRI
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനി തന്റെ മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ന്ധഫാസിസ്റ്റ്’ എന്ന് വിളിച്ചതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി വൈറ്റ് ഹൗസിലെ സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷം മംദാനി വ്യക്തമാക്കി.
ട്രംപുമായി വിയോജിപ്പുകളുണ്ടെങ്കിലും, ന്യൂയോർക്കുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ താൻ സഹകരിക്കുമെന്നും മംദാനി അറിയിച്ചു. നഗരത്തിലെ ജീവിത ചെലവ്, വാടക, പലചരക്ക് വിലകൾ തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും പൊതുവായ താൽപര്യം പങ്കുവച്ചു.
മുൻപ് ട്രംപിനെ ജനാധിപത്യത്തിന് ഭീഷണി’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, "ഞാൻ മുൻപ് പറഞ്ഞതെല്ലാം ഇപ്പോഴും വിശ്വസിക്കുന്നു’ എന്ന് മംദാനി പ്രതികരിച്ചു. വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ പൊതുവായ കാര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തിൽ ബിബിസി ക്ഷമ ചോദിച്ചു. ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന തോന്നലുണ്ടാക്കാൻ എഡിറ്റിംഗ് കാരണമായെന്ന് ബിബിസി കോർപറേഷൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന എഡിറ്റിംഗ് ഉണ്ടായത്.
സംഭവത്തിൽ ക്ഷമ പറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കിൽ നൂറു കോടി ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മാനനഷ്ടം നല്കുന്ന കാര്യം ബിബിസി വ്യക്തമാക്കിയിട്ടില്ല.
ബിബിസി ഡയറക്ടർ ജനറലും വാർത്താവിഭാഗം മേധാവിയും നേരത്തേ രാജിവച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ചുങ്കവിഷയത്തിൽ പ്രസിഡന്റ് ട്രംപിനെതിരേ വിമർശനവുമായി യുഎസ് സുപ്രീംകോടതി. രാജ്യങ്ങൾക്ക് പിഴച്ചുങ്കം ചുമത്തുന്നതിൽ ട്രംപിനുള്ള അധികാരത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.
ചുങ്കങ്ങൾ യുഎസ് ജനതയെ ബാധിക്കില്ലെന്നും ജനങ്ങൾക്കുമേലുള്ള നികുതി അല്ലെന്നും സർക്കാർ സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജിമാര്‍ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കന്‍ ജനങ്ങള്‍ക്കു ബാധ്യതയായി തീരുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ പ്രസിഡന്റ് കവർന്നെടുക്കുകയാണെന്നും കോണ്‍ഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു.
ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കൻ നിയമങ്ങൾക്കു വിരുദ്ധമാണെന്ന് കീഴ്കോടതികൾ നേരത്തേ വിധിച്ചിരുന്നു.
ഇതിനെതിരേ ട്രംപ് ഭരണകൂടം നല്കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
International
ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ക്ഷമാപണം നടത്തി കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി. യുഎസ് തീരുവകൾക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിലാണ് ക്ഷമാപണം നടത്തിയത്.
ഏഷ്യ - പസിഫിക്ക് ഇക്കോണമിക്ക് കോർപ്പറേഷൻ ഉച്ചക്കോടിയിലെ വിരുന്നില്‍ ഡോണൾഡ് ട്രംപിനോട് ക്ഷമാപണം അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് തയാറാകുമ്പോൾ വ്യപാര ചർച്ചകൾ പുനരാരംഭിക്കുമെന്നും കാർണി കൂട്ടിച്ചേർത്തു.
നേരത്തേ യുഎസ് തീരുവകൾക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിൽ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചിരുന്നു. യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
International
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി സുന്ദരനാണെന്നു പുകഴ്ത്തിയ ട്രംപ് അതേസമയം കടുപ്പക്കാരനാണെന്നും പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ഉന്നയിക്കാനും ട്രംപ് മറന്നില്ല. ദക്ഷിണകൊറിയയിൽ നടക്കുന്ന എഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
മോദി സുന്ദരനായ വ്യക്തിയാണ്. എന്നാൽ, കടുപ്പക്കാരനുമാണ്- ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ‘വലിയ ബന്ധമുണ്ടെന്ന്’ ഊന്നിപ്പറഞ്ഞ ട്രംപ്, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ വ്യാപാര ബന്ധമാണ് ഉപയോഗിച്ചതെന്ന് വീണ്ടും അവകാശപ്പെട്ടു.
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെയും അദ്ദേഹം പ്രശംസിച്ചു. പാക് സൈനിക മേധാവി മികച്ച പോരാളിയും മികച്ച വ്യക്തിയുമാണെന്ന് ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഗാസയുടെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാൽ അവരെ ഉന്മൂലനം ചെയ്യും.
ഹമാസ് അധികാരത്തിൽ തുടരുമെന്ന് നിർബന്ധം പിടിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്. ഹമാസ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ട്രംപ് ഭരണകൂടം കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്.
ഹമാസിന് മുന്നറിയിപ്പുമായി നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താത്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ നന്ദിയുണ്ട്.
ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Leader Page
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും.
തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാോ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.